ഗായത്രി  അശോകന്റെ ആദ്യ സിനിമാ പോസ്റ്റർ

മനോഹരവും, വേറിട്ടതുമായ നൂറുകണക്കിനു സിനിമാ പരസ്യങ്ങളിലൂടെ മലയാള സിനിമാ ആസ്വാദകരുടെ മനസ്സിൽ ചിര പ്രതിഷ്ട നേടിയ പേരാണ് ഗായത്രി. ഗായത്രി എന്ന മൂന്നക്ഷരങ്ങൾക്കു പിന്നിൽ മറഞ്ഞിരുന്ന് മലയാള സിനിമയുടെ സുവർണ കാലമായ എൺപതുകളിലും, തൊണ്ണൂറുകളിലും വൈവിധ്യമാർന്ന നിരവധി പോസ്റ്ററുകൾക്ക് നിറക്കൂട്ടൊരുക്കിയ ബി. അശോക് തന്റെ അപരനാമമായി ഗായത്രി എന്ന പേര് സ്വീകരിക്കുന്നത് കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ്.

സ്വതന്ത്ര പോസ്റ്റർ ഡിസൈനറായി മുഖ്യധാരാ മലയാള സിനിമാ പരസ്യ രംഗത്തേക്ക് അശോകിന് വഴി തുറന്നു നൽകിയ ചിത്രമാണ് കൂടെവിടെ. മമ്മൂട്ടിയും, റഹ്മാനും സുഹാസിനിയും മുഖ്യ വേഷങ്ങളിലഭിനയിച്ച കൂടെവിടെ എന്ന പത്മരാജൻ ചിത്രം നിർമ്മിച്ചത്  രാജൻ ജോസഫും, പ്രേം പ്രകാശും, ഷാജിയും ചേർന്നായിരുന്നു.  ചിത്രത്തിന്റെ പോസ്റ്റർ വർക്കുകൾ ചെയ്യാൻ അശോകിനെ ക്ഷണിച്ചത് സുഹൃത്തും, ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളുമായ രാജൻ ജോസഫാണ്.

അക്കാലത്ത് വിവിധ പുസ്കങ്ങൾക്കും, മാസികകൾക്കും, ചുരുക്കം ചില കൊച്ചു സിനിമകൾക്കും ഡിസൈൻ വർക്കുകളുമായി ഉയർന്നു വന്ന അശോകിന്റെ ഡിസൈൻ നൈപുണ്യത്തിൽ ഉത്തമ വിശ്വാസമുണ്ടായിരുന്ന രാജൻ കൂടെവിടെയുടെ പോസ്റ്ററുകൾ ഡിസൈനിങ്ങ് വർക്ക് അശോകിനെ ഏൽപ്പിക്കുകയായിരുന്നു.  

വിവിധങ്ങളായ കാരണങ്ങളാൽ, സിനിമയുടെ പരിമിതമായ സ്റ്റില്ലുകൾ മാത്രമാണ് പോസ്റ്റർ രൂപകല്പനയുടെ വേളയിൽ അശോകിന് ലഭ്യമായത്. ലഭ്യമായ സ്റ്റില്ലുകളിലാകട്ടെ, താരങ്ങളുടെ മുഴുനീള ഫോട്ടോകൾ വളരെ കുറവുമായിരുന്നു. വല്ലഭന് പുല്ലും ആയുധം എന്ന മട്ടിൽ താരങ്ങളുടെ ലഭ്യമായ മുഖചിത്രങ്ങൾ നൂതനമായ സ്റ്റാമ്പ് ഫോർമാറ്റിൽ അവതരിപ്പിച്ചാണ് അശോക് ഈ വെല്ലുവിളിയെ നേരിട്ടത്. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് നൂതനവും, ഗംഭീരവുമായ പോസ്റ്ററുകളാണ് അശോക് സിനിമയക്കു വേണ്ടി തയ്യാറാക്കിയത്.

ദൗർഭാഗ്യവശാൽ ചിത്രത്തിന്റെ സംവിധായകനായ പി. പത്മരാജന് അശോകുമായി ബന്ധപ്പെട്ടുണ്ടായ ചില തെറ്റിദ്ധാരണകൾ നിമിത്തം അശോകിന് തുടർന്ന് കൂടെവിടെ എന്ന ചിത്രവുമായി സഹകരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

എന്നാൽ ഭാഗ്യ നിർഭാഗ്യങ്ങളുടെ ഈ വടംവലിയിൽ അന്തിമ വിജയം അശോകിന്റേതായിരുന്നു. കൂടെവിടെ എന്ന  ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് സെൻട്രൽ പിക്ച്ചേഴ്സായിരുന്നു.  അവർക്ക് ചിത്രത്തിനു വേണ്ടി അശോക് തയ്യാറാക്കിയ ഡിസൈനുകൾ ഏറെ ഇഷ്ടപ്പെടുകയും, സിനിമയുടെ പ്രമോഷനു വേണ്ടി അത് തന്നെ ഉപയോഗിച്ചാൽ മതി എന്നവർ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ചിത്രത്തിന്റെ സംവിധായകന് അശോകുമായുള്ള താല്പര്യക്കുറവ് മൂലം അശോകിന്റെ പേര് ഡിസൈനുകളിൽ ഉൾപ്പെടുത്തിയില്ല. പകരം ഗായത്രി എന്ന പേരാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയത്.   ഗായത്രി എന്ന പേര് അശോകിന് അപര നാമമായി നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും, പിൽക്കാലത്ത് ഏറെ വിലപിടിപ്പുള്ള തിരക്കഥാകൃത്തുമായി മാറിയ ഡെന്നീസ് ജോസഫാണ്.

അന്നത്തെ കാലത്ത് ഒരു സിനിമ റിലീസിനു തയ്യാറാകുമ്പോൾ, റീലീസ് ചെയ്യുന്നതിന് ഒന്നോ, രണ്ടോ ആഴ്ച മുമ്പ് ചിത്രത്തിന്റെ ഒരു പൈലറ്റ് പോസ്റ്റർ പത്രങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രമേയത്തിന്റെ സ്വഭാവവും, കേന്ദ്ര കഥാപാത്രത്തിന്റെ ചിത്രവും ഉൾപ്പടുത്തി തയ്യാറാക്കുന്ന പൈലറ്റ് പോസ്റ്ററുകൾ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ ആവശ്യമായ ഹൈപ്പ് സൃഷ്ടിക്കുന്നതിന് ഏറെ സഹായകമായിരുന്നു.  

കൂടെവിടെ എന്ന ചിത്രത്തിന്റെ പൈലറ്റ് പോസ്റ്റർ 1983 സെപ്റ്റംബർ 25 ഞായറാഴ്ച ദിവസം പ്രമുഖ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സുഹാസിനിയുടെ ആദ്യ മലയാള ചിത്രം എന്ന പരസ്യ വാചകത്തോടെ കേന്ദ്ര കഥാപാത്രമായ സുഹാസിനി ഓടി വരുന്ന സ്റ്റിൽ ഉപയോഗിച്ച് അശോക് തയ്യാറാക്കിയ സിനിമാ പരസ്യം അക്കാലത്ത് വലിയ ജനശ്രദ്ധ നേടി. ചോദ്യ ചിഹ്നം ഉൾപ്പെടുത്തി അശോക് ഡിസൈൻ ചെയ്ത ടൈറ്റിൽ ലോഗോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിൽ ഗായത്രി അശോക് എന്ന പോസ്റ്റർ ഡിസൈൻ അന്ന് പിറവിയെടുക്കുകയായിരുന്നു.

മുഖ്യ കഥാപാത്രങ്ങളായി മമ്മൂട്ടിയും, സുഹാസിനിയും, റഹ്മാനും മത്സരിച്ച് അഭിനയിച്ച കൂടെവിടെ എന്ന ചിത്രം കേരളത്തിലാകമാനം 1983 ഒക്ടോബർ 14 ന് റിലീസ് ചെയ്തു. അതിനു മുമ്പ് പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ എല്ലാം വലിയ നിരുപക പ്രശംസ നേടിയിരുന്നുവെങ്കിലും അവയൊന്നും തന്നെ ബോക്സോഫീസിൽ വലിയ വാണിജ്യ വിജയം നേടിയിരുന്നില്ല. അതു കൊണ്ടു തന്നെ ഒരു ശരാശരി വിജയത്തിലപ്പുറം ഒരു വിജയം ചിത്രത്തിന്റെ അണിയ പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നില്ല. അതേ ദിവസം തന്നെയായിരുന്നു ബേബി ശാലിനി അരങ്ങേറ്റം കുറിച്ച ഫാസിൽ ചിത്രമായ എന്റെ മാമാട്ടുകുട്ടിയമ്മയ്ക്ക് എന്ന ചിത്രവും റീലീസ് ചെയ്തത്.  എന്നാൽ എല്ലാ ബോക്സോഫീസ് പ്രവചനങ്ങളേയും കാറ്റിൽ പറത്തി, മാമാട്ടുകുട്ടിയമ്മ എന്ന ട്രെന്റ് സെറ്റർ സിനിമയോട് മത്സരിച്ച് കൂടെവിടെ സൂപ്പർഹിറ്റ് വിജയം നേടി. നിറഞ്ഞ സദസ്സിൽ ചിത്രം നൂറു ദിവസം പ്രദർശിപ്പിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു കൂടെവിടെ എന്ന ചിത്രത്തിലെ മിലിറ്ററി ഓഫീസറുടെ വേഷം.

നക്ഷത്രപ്പിറവി

മലയാള സിനിമയയ്ക്ക് മൂന്ന് സുവർണ താരങ്ങളെ സമ്മാനിച്ച തീയതി കൂടിയായിരുന്നു ഒക്ടോബർ 14. മാമാട്ടിക്കുട്ടിയമ്മയിലൂടെ ബേബി ശാലിനിയും, കൂടെവിടെയിലൂടെ റഹ്മാനും പ്രേക്ഷക ഹൃദയം കീഴടക്കിയപ്പോൾ, കൂടെവിടെ സിനിമയുടെ പോസ്റ്റർ ഡിസൈനിലൂടെ ഗായത്രി അശോകും ആസ്വാദക മനസ്സിൽ ചിരപ്രതിഷ്ഠ നേടി. സിനിമയക്കു വേണ്ടി ഗായത്രി അശോക് തയ്യാറാക്കിയ സ്റ്റാമ്പ് ഡിസൈനുകൾ ഏറെ ജനപ്രീതി നേടി. ചിത്രത്തിനു ജനങ്ങൾക്കിയിൽ ലഭിച്ച വൻ സ്വീകാര്യത ഒരു തുടക്കക്കാരൻ എന്ന നിലയിൽ അശോകിന് ഏറെ ഗുണം ചെയ്തു. തുടർന്ന് നിരവധി അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

Scroll to Top